Sunday, November 9, 2014

മൊട്ടാ'സ് പപ്പടം "മുരിമുരി "





വളരെ സിമ്പിള്‍ ആയി ഉണ്ടാക്കാന്നെ, ദാ ഒന്ന് പരീക്ഷിച്ചോ.
ആവശ്യമുള്ള സാധനങ്ങള്‍: 25 gram വെളിച്ചെണ്ണ, പപ്പടം പത്തെണ്ണം ഒരിഞ്ചു സ്കൊയര്‍ ഷേപ്പില്‍ കീറിമുറിച്ചത് 
രണ്ടു ഉണങ്ങിയ ചുവന്ന മുളക് കുത്തി പൊടിച്ചത് , പത്തു അല്ലി വെള്ളുള്ളി തൊലി കളഞ്ഞു ചതച്ചത്, പത്തു അല്ലി ചുവന്ന ചെറിയ ഉള്ളി ചതച്ചത്, ഒരു തണ്ട് വേപ്പില.

പാകം ചെയ്യുന്ന വിധം:

ചട്ടിയില്‍ വെളിച്ചെണ്ണയോഴിച്ചു ചൂടാക്കി കീറിമുറിച്ച പപ്പട കഷണങ്ങള്‍ നന്നായി വറുത്തെടുത് ചട്ടിയില്‍ നിന്നും കോരി വേറെ പാത്രത്തില്‍ കോരി വെക്കുക. അതിനു ശേഷം ആ എണ്ണയിലേക്ക് ചതച്ച വെള്ളുള്ളിയും ചുവന്നുള്ളിയും ഇട്ടു നന്നായി മൂപ്പിക്കുക. പിന്നീട് കുത്തുമുളക് പൊടിയും വേപ്പിലയും കൂടി ഇട്ടു മുരിഞ്ഞ വെള്ളുള്ളിയുമായി നന്നായി ഇളക്കി മിക്സ് ചെയ്യുക. തീയ്‌ ഓഫ് ആക്കി ആ മിശ്രിതത്തിലേക്ക് വറുത്തു വെച്ചിരിക്കുന്ന പപ്പടവും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയാല്‍ ഞാന്‍ മുകളില്‍ പറഞ്ഞ മൊട്ടാ'സ് പപ്പടം "മുരിമുരി " ലഭിക്കുന്നതായിരിക്കും.

ബീഫ് അച്ചാര്‍





1. അധികം മൂപ്പെത്താത്ത പോത്തിറച്ചി ചെറുതായി കഷണിച്ചത് ഒരു കിലോ
കുരുമുളക് പൊടി- 2-3 സ്പൂണ്‍
മുളകുപൊടി – 2 സ്പൂണ്‍
മഞ്ഞള് പൊടി – കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത് – കാല് കപ്പ്
വെളുത്തുള്ളി തൊലി കളഞ്ഞത് – അരകപ്പ്
പച്ചമുളക് നെടുകെ കീറിയത് – 5 – 6 എണ്ണം
വെളിച്ചെണ്ണ – 100 ഗ്രാം
3. വിനാഗിരി – ആവശ്യത്തിന്
4. മുളക് പൊടി – ആവശ്യത്തിന്
5. ഉപ്പ് – പാകത്തിന്
6. കറിവേപ്പില
പാചകം ചെയ്യുന്ന വിധം
ആദ്യം പോത്തിറച്ചി നന്നായി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്ത്തു അതില് കൂട്ട് ഒന്നില് കാണുന്ന പൊടികള് ചേര്ത്തു ഇളക്കി ചെറു തീയില് വെളിച്ചെണ്ണയില് വരുത്തു കോരണം., ഇറച്ചി ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.
അതിനു ശേഷം ഒരു ചട്ടിയില് കൂട്ട് രണ്ടിലെ പോലെ 100 ഗ്രാം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല് കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്ത്ത് ചെറു തീയില് നന്നായി മൂപ്പിക്കണം

മൂത്താല് ഉടന് അതിലേക്കു മൂന്നു മുതല് ആറുവരെ ഉള്ള സാധനങ്ങള് ചേര്ത്തു വരുത്തു കോരി വെച്ച ഇറച്ചിയും ചേര്ത്തു ചെറുതീയില് വേവിക്കണം. നല്ലത് പോലെ വെന്താല് വാങ്ങി വെച്ച് ആറാന്‍ അനുവദിക്കണം. ആറിയാല് അതിലേക്കു അല്പ്പം വിനാഗര് കൂടി ചേര്ത്തു വെള്ളത്തിന്റെ അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരണിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം.

പാഷന്‍ ഫ്രൂട്ട് വൈന്‍






1. ഫാഷന്‍ ഫ്രൂട്ട് ന്റെണ വെള്ളപാട മാറ്റിയ കാമ്പ് - ഒരു കിലോ.
2. പഞ്ചസാര - ഫാഷന്‍ ഫ്രൂട്ട്നു പുളി കൂടുതല്‍ ആണെങ്കില്‍ ഒന്നര കിലോ. അല്ലെങ്കില്‍ ഒരു കിലോ. 
3. തിളപ്പിച്ചാറിച്ച വെള്ളം - രണ്ടു ലിറ്റര്‍...
4. ഒരു കപ്പു മുളപ്പിച്ച ഗോതമ്പ്, അല്ലെങ്കില്‍ ചെറിയ ഒരു സ്പൂണ്‍ ഈസ്റ്റ് .
5. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിച്ചത്.

ഇനി വൈന്‍ തയ്യാറാക്കുന്ന വിധം.

ഒന്നുമുതല്‍ നാലുവരെ ഉള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക. അതിലേക്കു മുട്ട അടിച്ചു പതപ്പിച്ചതും ചേര്ത്തു നന്നായി ഇളക്കുക. ഈ ചേരുവകള്‍ നന്നായി കഴുകി ഉണക്കിയ ഒരു ഭരണിയില്‍ ആക്കി നല്ല വൃത്തി ഉള്ള ഒരു തുണികൊണ്ട് മൂടി കെട്ടുക.
ആദ്യത്തെ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ ഭരണിയുടെ മൂടി തുറന്നു ഒരു മരത്തവി ഉപയോഗിച്ച് ഈ മിശ്രിതം നന്നായി ഇളക്കി കൊടുക്കണം. പിന്നീട് ഭരണി നന്നായി മൂടികെട്ടി ഭദ്രമായി അനക്കാതെ വീണ്ടും 21 ദിവസങ്ങള്‍ കൂടി വക്കുക. അതിനു ശേഷം ഇതില്‍ നിന്നും ലഭിക്കുന്ന വൈന്‍ വാ വിസ്താരം ഉള്ള ഒരു പാത്രത്തിലേക്ക് ഒരു തുണിയില്കൂ ടി അരിച്ചെടുക്കുക. ഇങ്ങനെ ലഭിക്കുന്ന വൈന്‍ ഒരു കണ്ണകലം ഉള്ള ഒരു തോര്ത്തു കൊണ്ട് മൂടി ആറുമണിക്കൂര്‍ സൂക്ഷികുക. അല്ലെങ്കില്‍ വൈന്‍ കുപ്പികളില്‍ ആക്കുമ്പോള്‍ പുളിച്ചുപോകും.
പിശട് പാത്രത്തിന്റെ അടിയില്‍ അടിഞ്ഞുകഴിയുംപോള്‍ പാത്രം അനക്കാതെ ഈ വൈന്‍ അരിച്ചെടുത്ത്‌ നല്ലതുപോലെ ഉണങ്ങിയ കുപ്പികളില്‍ സൂക്ഷിക്കാം.

NB : കൂടുതല്‍ നിറം വേണമെങ്കില്‍ ഒരു വലിയ സ്പൂണ്‍ പഞ്ചസാര കാരമലൈസ് ചെയ്തു വൈനില്‍ ചേര്ക്കു ക.
ഇങ്ങനെത്തന്നെ നിങ്ങള്ക്ക്റ ചാമ്പക്ക, നെല്ലിക്ക, മുതലായ നാടന്‍ പഴങ്ങള്കൊ്ണ്ടു വൈന്‍ ഉണ്ടാക്കാം.

തന്തൂരി കപ്പ (Tandoori Tapioca)






ആവശ്യമായവ :

കപ്പ - ½ കിലോ
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ - 1 ടീസ്പൂണ്‍
ലെമണ്‍ ജ്യൂസ് - ½ ടീസ്പൂണ്‍
പുളിയില്ലാത്ത വെള്ളം ഇല്ലാത്ത തൈര് – ½ കപ്പ്
മുളക് പൊടി - ½ ടീസ്പൂണ്‍
ഗരം മസാല പൊടി - ഒരു നുള്ള്
ബ്ലാക്ക് സാള്‍ട്ട് - 1/4 ടടീസ്പൂണ്‍
ജീര പൌഡര്‍ - ഒരു നുള്ള്
മല്ലി ചട്നി പുതിനയിലയും പച്ചമുളകും ചേര്‍ത്തു അരച്ചെടുക്കുക.

തയ്യാറാക്കുന്ന വിധം:
വട്ടത്തില്‍ മുറിച്ചെടുത്ത കപ്പ ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ ഇട്ട് രണ്ടോ മൂന്നോ മിനിറ്റ് തിളപ്പിക്കുക. പിന്നെ വെള്ളത്തില്‍ നിന്ന് വാര്‍ത്തെടുക്കുക. തൈര്, മുളക് പൊടി, ഗരം മസാല, ബ്ലാക്ക് സാള്‍ട്ട്, ജീരക പൊടി, ലൈം ജ്യൂസ്, ഇഞ്ചി വെളുത്തുള്ളി മിശ്രിതം എന്നിവ മിക്സ് ചെയ്തു കപ്പയില്‍ പുരട്ടി ഇരുപതോ മുപ്പതോ മിനിട്ട് മാരിനേറ്റു ചെയ്തു ഫ്രിഡ്ജില്‍ വെക്കുക. ഒരു നീളമുള്ള കമ്പിയില്‍ കപ്പ കോര്‍ത്തു വെച്ച് തന്തൂര്‍ അടുപ്പില്‍ ചുട്ടെടുക്കുക. ചൂടോടു കൂടി പുതിനയില ചട്നിയോടൊപ്പം കഴിക്കാം.

തക്കാളി ചേര്‍ത്ത മോരുകറി






ആവശ്യമുള്ള സാധനങ്ങള്‍

നല്ല പുളിയുള്ള മോര് -1 ലിറ്റര്‍
തക്കാളി – 4 എണ്ണം
സവാള – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുതുള്ളി -1 തുടം
പച്ചമുളക് – 6 നീളത്തില്‍ കീറിയത്

അരപ്പിനു വേണ്ടത്
-------------------------
ചുമന്നുള്ളി - 12 എണ്ണം
മുളകുപൊടി - 2 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
ജീരകം പൊടി -– അര ടീസ്പൂണ്‍
തേങ്ങ ചുരണ്ടിയത് – അരമുറി
ഉലുവപൊടിച്ചതു --– അര ടീസ്പൂണ്‍

## എല്ലാം അരച്ച് ഒരു സൈഡില്‍ മാറ്റിവെക്കുക ##

താളിക്കാന്‍ വേണ്ടതു
--------------------------
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍മുളക് - 3 എണ്ണം
ഉലുവ – അര ടീസ്പൂണ്‍
ചുമന്നുള്ളി - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
എണ്ണ, ഉപ്പു –ആവശ്യതിനു

തയ്യാറാക്കുന്ന വിധം

ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് സവാള, ഇഞ്ചി ,പച്ചമുളക്, വെളുതുള്ളി, എന്നിവ വഴറ്റുക. അതിലേക്ക് തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. അതിലേക്ക് അരച്ച് വച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് 5 മിനുറ്റു വേവിക്കുക. അതിനുശേഷം തീ കുറച്ചു വെച്ച് , മോര് ഒഴിച്ച് നന്നായി ഇളക്കുക. ഉപ്പു പാകത്തിനു ക്രമീകരിക്കുക. മോര് തിളക്കുന്നതിനു മുന്‍പ് കറി വാങ്ങിവെക്കുക.

വേറൊരു ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച്, കടുക്,ഉലുവ, വറ്റല്‍മുളക്, കറിവേപ്പില, ചുമന്നുള്ളി എന്നിവ താളിച്ച്‌ കറിയിലേക്ക് ഒഴിക്കുക.
തണുത്തതിനു ശേഷം ഉപയോഗിക്കുന്നതാണ് സ്വാദ്.

ചേമ്പ് പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ചതും





മലയാളികളുടെ മഴക്കാലത്തെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കുട്ടിക്കാലത്ത് എന്റെ അമ്മവീട്ടില്‍ പോകുമ്പോഴാണ് ഇതിന്റെ രുചി ശെരിക്കും അറിയുന്നത്. അമ്മയുടെ അമ്മ എന്റെ വല്യമ്മച്ചി നന്നായി പാചകം ചെയ്യുമായിരുന്നു.ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒക്കെ ഇത് കഴിക്കാറുണ്ട്.

വലിയ ഒരു വാഴയിലയില്‍ കപ്പ ,കാച്ചില്‍,ചേമ്പ് ( കണ്ണന്‍ ചേമ്പ് ആണ് കൂടുതല്‍ രുചി) ,ചേന എല്ലാം കൂടി കലത്തില്‍ പുഴുങ്ങി വാഴയിലയിലേക്ക് കുടഞ്ഞിടും, ഇലയുടെ വശങ്ങളില്‍ കാ‍ന്താരി മുളകും കുഞ്ഞുള്ളിയും ഉടച്ചത് പച്ച വെളിച്ചെണ്ണ ചേര്‍ത്തു വെച്ചിരിക്കും, എല്ലാരും കൂടി ചുറ്റുമിരുന്നു കാ‍ന്താരി ഉടച്ചതില്‍ തൊട്ടു കഴിക്കും, കൂടെ ഓരോ ഓരോ കട്ടന്‍ കാപ്പിയും,.... ,ഇപ്പോള്‍ നാട്ടില്‍ ഉള്ളവര്‍ക്ക് പോലും ഇതൊന്നും കിട്ടാനില്ല

ചേമ്പ് ചെരണ്ടി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ചേര്ത്തു പുഴുങ്ങി എടുക്കുക,വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം പാകത്തിന് ഉപ്പ് ചേര്‍ക്കുക . ചേമ്പ് പുഴുങ്ങിയത് തയ്യാര്‍.

ഇനി കാന്താരിയും കുഞ്ഞുള്ളിയും ഉടച്ചത് ഉണ്ടാക്കാം. പത്തു പതിനഞ്ചു കുഞ്ഞുള്ളിയും ആവശ്യത്തിന് കാന്താരി മുളകും കൂടി ഒരു കുഴിയന്‍ പാത്രത്തില്‍ ഇട്ടു കൈ കൊണ്ട് ഞെവിടി എടുത്തിട്ട് വെളിച്ചെണ്ണയും ഉപ്പും ചേര്ക്കുക..ഇതിനു കത്തിയും മിക്സിയും ഒന്നും വേണ്ട,രുചി കിട്ടില്ല..പണ്ട് കാലത്ത് അരി വെന്തു വാങ്ങാന്‍ ഉപയോഗിക്കുന്ന ഒരു അടപ്പ് ചട്ടി ഉണ്ട് ,അതില്‍ തവി ( മരത്തവി) കൊണ്ട് ഉടച്ചു ആണ് ഇത് ഉണ്ടാക്കിയിരുന്നത്.അത് ഇല്ലാത്തവര്‍ അമ്മിക്കല്ലില്‍ ചതചെടുക്കും. ഇനി ചേമ്പും കന്താരി മുളക് ഉടച്ചതും ഒരു കട്ടന്‍ കാപ്പിയും കൂടി കഴിച്ചോളു,, ഉണക്ക മീന്‍ ചുട്ടതും കൂടി ഉണ്ടെങ്കില്‍ അഹാഹ് .വായിലൂടെ പുതിയ ടൈറ്റാനിക് ഓടിക്കാം.

കോഴിക്കറി





ഇത്തവണ രുചികരമായ ഒരു ചിക്കന്‍ കറിയുടെ പാചക കുറിപ്പാകട്ടെ. പാചകം അറിഞ്ഞുകൂടാത്ത പാവങ്ങള്ക്ക് വേണ്ടി ഒരു സേവനം എന്ന നിലയ്ക്കാണ് ഇത് ഇടുന്നത്.

ചേരുവകള്‍ :

ചിക്കന്‍ അതി ക്രൂരമായി വെട്ടി മുറിച്ചത്. - ഒരു കിലോ ( വെറുതെ സാമ്പിള്‍ നോക്കാന്‍ ).
പൂവന്റെ ഇറച്ചി ആണ് നല്ലത്. പിടയുടെത് നല്ല മുറ്റായിരിക്കും. പെണ്ണല്ലേ ജാതി.
കോഴിയുടെ കഴുത്ത് വെട്ടിയോ മറ്റോ അതിനെ കൊല ചെയ്യുക. എന്നിട്ട് പൂട പറിച്ചിട്ടു ക്വൊട്ടേഷന്‍കാര്‍ ചെയ്യുന്ന പോലെ വെട്ടിക്കൂട്ടിയാല്‍ മതി.

സവാള : നല്ല ചുവന്നു തുടുത്തത്.
വെളുത്തുള്ളി : പത്തെണ്ണം എണ്ണി എടുക്കുക. എല്ലാം ഒരേ സൈസ് ആയിരിക്കണം.
ഇഞ്ചി : ചെറു വിരല്‍ നീളത്തില്‍ ഒരെണ്ണം ( സാധാരണ മനുഷ്യന്റെ ചെറുവിരല്‍ നീളം. അതില്‍ കൂടുതല്‍ ഉള്ളവര്‍ നീളം അഡ്ജസ്റ്റ് ചെയ്യാന്‍ മറക്കണ്ട )
ഉപ്പു : വെറുതെ ഒരു കിണ്ണത്തില്‍ ഇട്ടു വച്ചോ. വേണ്ടപ്പോ തട്ടാം
എണ്ണ : ഒരു കുപ്പി വച്ചോ. എപ്പോഴാ ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല
മഞ്ഞള്‍ പൊടി : കവറില്‍ കിട്ടുന്നത്. എത്ര വേണം എന്ന് അപ്പൊ പറയാം
ചിക്കന്‍ മസാല : ഒരു കവര്‍. അടിമാലിയിലുള്ള ഏതോ ഒരു കമ്പനി ഉണ്ടാക്കുന്നത് ബെസ്ടാ
കടുക് : നൂറു. എണ്ണി എടുക്കണം എന്നില്ല. നൂറു ഗ്രാം മതിയായിരിക്കും.

ഉണ്ടാക്കുന്ന വിധം :

ഇത് നമ്മള്‍ രണ്ടു സ്റെപ് ആയാണ് ഉണ്ടാക്കുന്നത്‌. ഉള്ളിയും മസാലയും ചേര്ത്ത് കൂട്ട് ഉണ്ടാക്കണം. പിന്നെ ചിക്കന്‍ വേവിച്ചിട്ട് അതില്‍ ഇട്ടു ഇളക്കണം

അപ്പൊ സ്റെപ് 1 :

സവാള അരിഞ്ഞു തള്ളുക. ഒരു നാലെണ്ണം. കരയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ ഒരു ചീന ചട്ടി എടുക്കുക. അതില്‍ കുറച്ചു എണ്ണ ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. എണ്ണ തിളച്ചു വരുമ്പോ കടുക് ഇടണം. ഇത് പാചകത്തിന്റെ ഒരു പ്രാഥമിക നിയമം ആണ്. എപ്പോ എണ്ണ ചൂടാക്കിയാലും കടുക് പൊട്ടിച്ചേക്കണം. ചീന ചട്ടിയിലോ അതില്‍ ഇളക്കുന്ന ചട്ടുകതിലോ അല്പം പോലും വെള്ളം ഉണ്ടാവരുത്. എങ്കില്‍ എണ്ണ പൊട്ടി തെറിക്കും. ആണുങ്ങള്‍ ഷര്ട്ട്പ‌ ഇടാതെ വെറുതെ ലുങ്കി മാത്രം ഉടുത് കൊണ്ടാണ് ഇത് ചെയ്യുന്നതെങ്കില്‍ എണ്ണ വയറ്റത്തും വേണ്ടാത്തിടത്തും ഒക്കെ വീണു അടയാളം വരും. പിന്നെ എന്നെങ്കിലും ഇതൊക്കെ എങ്ങനെ ഉണ്ടായി എന്ന് ഭാര്യയോട്‌ സമാധാനം പറയേണ്ടി വരും. ഇപ്പോഴേ ഒന്ന് ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാം. അതൊക്കെ പോട്ടെ. ഇഞ്ചിയും വെളുത്തുള്ളിയും ചേര്ക്കേ ണ്ട സമയം ആയി. ഇത് രണ്ടും കൂടി മിക്സിയില്‍ അരച്ച് പേസ്റ്റ് ആക്കിയത് ചട്ടയില്‍ ഇടുക. ഒപ്പം അരിഞ്ഞ ഉള്ളിയും. പിന്നെ രണ്ടു സ്പൂണ്‍ മസാലയും. എന്നിട്ട് ഉമ്മന്‍ ചാണ്ടി ചെയ്യുന്ന പോലെ എല്ലാം കൂടി കൂട്ടികുഴയ്ക്കുക. സവാള തവിട്ടു നിറം ആവുന്ന വരെ വെറുതെ ഇളക്കി കൊണ്ടിരിക്കുക. അത് കാണാന്‍ കൊള്ളാവുന്ന ഒരു നിറത്തിലായി കഴിഞ്ഞാല്‍ ഇറക്കി ഒരു മൂലയ്ക്ക് വയ്ക്കുക.

സ്റെപ് 2 :

മുകളിലത്തെ സ്റെപ്പിനു പാരലല്‍ ആയി ചെയ്യേണ്ട സ്റെപ് ആണ് ഇത്. സഹായിക്കാന്‍ ആരെങ്കിലും വരുന്നെങ്കില്‍ അവരെ ഏല്പ്പി ക്കുക. അല്ലെങ്കില്‍ വിധി എന്ന് കരുതി സ്വയം ചെയ്യുക.
ചിക്കെന്‍ കഴുകി വൃത്തിയാക്കുക. രക്തം ചിന്തി മരിച്ച കോഴി ആണെങ്കില്‍ ആ രക്ത കറ ഒക്കെ കഴുകി വൃത്തിയാക്കുക. വലിയ കഷണങ്ങള്‍ വെട്ടി ചെറിയ കഷണങ്ങള്‍ ആക്കുക. കോഴിയുടെ തലച്ചോറ്, ഷിറ്റ് , ഒരാവശ്യവുമില്ലാത്ത കുടല്‍ , പിന്നെ പേരറിയാന്‍ പാടില്ലാത്ത വൃത്തികെട്ട സാധനങ്ങള്‍ ഒക്കെ നീക്കം ചെയ്യുക. കാണാന്‍ ഭംഗിയുള്ള കഷണങ്ങള്‍ മാത്രം ബാക്കി വയ്ക്കുക.
ഇതിലേയ്ക്ക് രണ്ടു സ്പൂണ്‍ ( ടീ സ്പൂണ്‍ വേണം . അത് കിട്ടിയില്ലെങ്കില്‍ കോഫി സ്പൂണ്‍ ആയാലും മതി )
മസാല പൊടി വിതറുക. രാഖി കാ സ്വയംവറിലുള്ള അത്രയും മസാല മതിയാവും. അല്ലെങ്കില്‍ ഇമോഷണല്‍ അത്യാചാറിലുള്ള അത്രയും ഇട്ടോ. എന്നിട്ട് ഭാര്യയെ മനസ്സില്‍ ധ്യാനിച്ച്‌ ആ ചിക്കനും മസാലയും കുറച്ചു ഉപ്പും ( തിന്നു കഴിഞ്ഞാല്‍ വെള്ളം കുടിക്കാന്‍ പാകത്തിന് മാത്രം ) ചേര്ത്ത്
കൂട്ടി കുഴയ്ക്കണം. കുഴച്ചു കഴിഞ്ഞിട്ട് ഒരു പതിനഞ്ചു മിനിറ്റ് വെറുതെ വയ്ക്കണം. മസാല ചിക്കന്റെ മേത്തു പിടിക്കണമല്ലോ. പിടിച്ചു കഴിഞ്ഞാല്‍ നേരെ അതിനെ എടുത്തു കുക്കറില്‍ തട്ടുക. എന്നിട്ട് തീ ഒക്കെ കൂട്ടി വയ്ച്ചു ഒരു പതിനഞ്ചു മിനിറ്റ് വേവിക്കുക. കുക്കറിന് ബോര്‍ അടിക്കുമ്പോ അത് വിസില്‍ ഒക്കെ അടിക്കും. വിസിലടി ഓവര്‍ ആകുമ്പോ സ്ടവ് ഓഫ്‌ ആക്കുക. അതിലുള്ള നീരാവി ഒക്കെ പുറത്തു വന്നതിനു ശേഷം മാത്രം കുക്കര്‍ തുറക്കുക. കടുക് വറുക്കുന്ന കാര്യം പറഞ്ഞ പോലെ നീരാവി ഒക്കെ പോയതിനു ശേഷം വേണം ഇത് തുറക്കാന്‍. അല്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും. തീര്ച്ചു.

കുക്കര്‍ തുറന്നതിനു ശേഷം അതില്‍ നേരത്തെ ഉണ്ടാക്കിയ കൂട്ട് ഇടുക. എന്നിട്ട് ചെറിയ തീ ഇട്ടിട്ടു
എല്ലാം നന്നായി കൂട്ടി ഇളക്കുക. നിങ്ങള്ക്ക് വൈരാഗ്യം ഉള്ളവരെ ഒക്കെ മനസ്സില്‍ ഓര്ത്തുട ഇളക്കിയാല്‍ ഇളക്കലിനു ഒരു ശക്തി , ഊര്ജംത ഒക്കെ കിട്ടും. അങ്ങനെ ഒരു പത്തു മിനിറ്റ് വേവിച്ചിട്ട് അവനെ ഒരു അടപ്പ് കൊണ്ട് അടച്ചു വച്ചിട്ട് ചെറിയ തീയില്‍ വയ്ക്കുക.

പത്തു മിനിറ്റ് കഴിഞ്ഞോ ? എങ്കില്‍ വേഗം വേറെ ആരും കാണാതെ അത് ഇറക്കി വച്ചോ. ഇനി കഴിക്കണമല്ലോ. നേരത്തെ ഹോടലില്‍ നിന്ന് വാങ്ങിയ ചിക്കന്‍ കറിയും പൊറോട്ടയും എടുത്തു കൊണ്ട് പോയി ആരും കാണാതെ കഴിക്കണം. ഇനി നിങ്ങള്‍ ഉണ്ടാക്കിയ ചിക്കന്‍ കറി കഴിക്കാന്‍ പറ്റിയ കുറച്ചു പേരെ കണ്ടു പിടിക്കുക. എന്നിട്ട് ചോറിന്റെ ഒപ്പമോ ചപ്പാത്തിയുടെ ഒപ്പമോ വിളമ്പുക.

( വിളമ്പുമ്പോള്‍ അതിന്റെ മേലെ കുറച്ചു പുതിന ഇല ഒക്കെ വിതറാം. വെറുതെ ഒരു ഭംഗിക്ക്. ഒടുവില്‍ പറഞ്ഞു നടക്കാന്‍ അതോക്കെയെ കാണൂ ). ഒരു കാരണവശാലും സ്വയം രുചിച്ചു നോക്കി പണി വാങ്ങിക്കരുത് ട്ടോ .

കുബ്ബൂസ് ഉപ്പുമാവ്





ആവശ്യസാധനങ്ങള്‍:

വലിയ കുബൂസ് : 2എണ്ണം മിക്സിയില്‍ പൊടിച്ചത്
പച്ച മുളക് :4 എണ്ണം ചെറുതായ്‌ അരിഞ്ഞത്
സവോള ഒരെണ്ണം : ചെറുതായ്‌ അരിഞ്ഞത്
ഇഞ്ചീ : ചെറുതായ്‌ അരിഞ്ഞത് ഒരു ടീസ്പൂണ്‍
ചിരവിയ തേങ്ങ : 1 ടീ കപ്പ്‌
ഉപ്പ് : അര ടീസ്പൂണ്‍
മഞ്ഞള്‍ പ്പൊടി :അര ടീസ്പൂണ്‍
വെള്ളം :അര ടീ കപ്പ്‌
എണ്ണ :3ടേബിള്‍ സ്പൂണ്‍
കടുക് :1 ടീസ്പൂണ്‍
കറിവേപ്പില :ഒരു തണ്ട്
ഉണക്ക മുളക് :2 എണ്ണം കഷണങ്ങളാക്കിയത്


തയ്യാറാക്കുന്ന വിധം :

കുബ്ബൂസ് ,തേങ്ങയും ഒന്നിച്ചു ചേര്ത്തി്ളക്കി മാറ്റി വെക്കുക .ഇതു തയ്യാറാക്കാന്‍ പാകത്തിനുള്ള ,ഉരുളിയോ അല്ലെങ്കില്‍ നോണ്‍ സ്റ്റിക് പാത്രമോ സ്റ്റൌവ്വില്വെ്ച്ചു ചൂടായാല്‍ എണ്ണ യൊഴിച്ചു കടുക് പൊട്ടിയാല്‍ ഉണക്കുമുളകും ,കറിവേപ്പിലയും ചേര്ത്തുൊ മൂത്താല്‍ തീ കുറച്ചു , മഞ്ഞള്‍ പ്പൊടി ,സവാള ,പച്ചമുളക് ,ഇഞ്ചി ഇവ ചേര്ത്തു വഴറ്റുക .ഇനി ഈകൂട്ടില്‍ അര ടീസ്പൂണ്‍ ഉപ്പും അര കപ്പ്‌ വെള്ളവും ചേര്ത്തു ഒന്നു തിളച്ചാല്‍ കുബ്ബൂസ്മിക്സ് ഇതില്‍ ചേര്ത്തു , ചേരുവകളുമായ് ഒരഞ്ചുമിനുട്ടനല്ലവണ്ണം ഇളക്കി യോജിപ്പിക്കുക ."കുബൂസ് ഉപ്പുമാവ് "റെഡി .തീയണച്ച് ചൂടോടുകൂടി കഴിക്കാന്‍ തയ്യാറായി ക്കോളൂ .ഇതു നാലുപേര്ക്ക് കഴിക്കാനുണ്ടാവും ..(കുബ്ബൂസ് വലുത് എന്നുദ്ദേശിക്കുന്നത് ,ഏതാണ്ട് നെയ്റോസ്റ്റ് വലുപ്പ മാണ്‌കേട്ടോ .ചെറുതാണെങ്കില്‍ നാലെണ്ണം വേണ്ടിവരും .)ഇതു രണ്ടു ദിവസം ഫ്രിഡ്ജില്വെചച്ച കുബ്ബൂസാണെങ്കില്‍ മിക്സിയില്‍ പൊടിച്ചെടുക്കാന്‍ എളുപ്പ മായിരിക്കും .ഒഴിവു സമയങ്ങളില്‍ പൊടിച്ചു ഡബ്ബകളിലാക്കിവെച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം

കള്ള് ഷാപ്പ്‌ മീൻ കറി /Toddy Shop Fish Curry






കള്ള് ഷാപ്പ്‌ മീൻ കറി /Toddy Shop Fish Curry

ആവശ്യം ഉള്ള സാധനങ്ങൾ

മീൻ -1/2 കിലോ (നെയ്മീൻ)

കുടംപുളി -2 വലിയ കഷ്ണം

ഇഞ്ചി -1 വലിയ കഷ്ണം

വെളുത്തുള്ളി -4 ചുള വലുത്

കറിവേപ്പില -2 തണ്ട്

പച്ചമുളക് -4

ഉപ്പ് -2 ടി സ്പൂണ്‍ (ഏകദേശം)

വെള്ളം – 3 കപ്പ്‌

കടുക് -1/4 ടി സ്പൂണ്‍

ഉലുവ-ഒരു നുള്ള്

മുളക് പൊടി -2 ടേബിൾ സ്പൂണ്‍

മഞ്ഞൾ പൊടി -1/ 2 ടി സ്പൂണ്‍

ഉലുവ പൊടി -ഒരു നുള്ള്

വെളിച്ചെണ്ണ -2 ടേബിൾ സ്പൂണ്‍

ഉണക്ക മുളക് -2

തയ്യാറാക്കുന്ന വിധം

മീൻ നന്നായി കഴുകി വൃത്തിയാക്കി വക്കുക ..

വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും താളിക്കുക .

അതിനു ശേഷം നീളത്തിൽ അറിഞ്ഞ ഇഞ്ചിയും ,പച്ചമുളകും ,വെളുത്തുള്ളിയും ചെറു തീയിൽ വഴറ്റുക ..

അതിലേക്കു മുളക് പൊടിയും മഞ്ഞൾ പൊടിയും ,ഉലുവ പൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക..

അതിലേക്കു ചൂട് വെള്ളം ചേർക്കുക ..ഉപ്പും ചേർത്ത് ഇളക്കുക ..

അതിനു ശേഷം അൽപ സമയം വെള്ളത്തിൽ കുതിർത്തു വച്ച കുടം പുളി കൂടി ചേർത്ത് നന്നായി തിളപ്പിക്കുക ..

അവസാനമായി മീൻ ചേർത്ത് വേവിക്കുക ..

ഏകദേശം 20 മിനിറ്റ് ..

അപ്പോളേക്കും ചാറു കുറുകി വരും … ഉപ്പു നോക്കുക .ആവശ്യം ഉണ്ടെങ്കിൽ ചേർക്കുക

അടുപ്പിൽ നിന്നും മാറ്റി ചൂടാറിയ ശേഷം ഉപയോഗിക്കാം ..

കപ്പയുടെ കൂടെ നല്ല രുചിയാണ്

ഒരു ഖുബ്ബുസ് പരീഷണം





മൂന്നുപ്രവാസി ഖുബ്ബുസിനെ അങ്ങ് ചുരുട്ടി
മൂര്‍ച്ചയുള്ള കത്തികൊണ്ട് നൂഡില്‍ പോലെ അരിഞ്ഞു.
പിന്നെ നാല് സവാള ഒരിഞ്ചു ചതുര കഷ്ണങ്ങളാക്കി .
നാല് പച്ചമുളക് കീറി പൊളിച്ചു നീക്കിവെച്ചു .
ആറു അല്ലി വെളുത്തുള്ളി ചതച്ചു ചന്തമാക്കി
ഒരു കപ്പു ഫ്രോസന്‍ഗ്രീന്‍പീസ്. അതാവുമ്പോള്‍ വേവിക്കെണ്ടല്ലോ
ടൊമാറ്റോ സോസ് മൂന്നു സ്പൂണ്‍ എടുത്തു വെച്ച്
മുളകുപൊടി അരസ്പൂണ്‍ ആയിക്കോട്ടെ
കുരുമുളക് പോടീ രണ്ടു സ്പൂണ്‍ എടുത്തു
മഞ്ഞപൊടി കാല്‍ സ്പൂണ് മതി
മൂന്നു മുട്ട പൊട്ടിച്ചു അടിച്ചു നീക്കി വെച്ച്
മല്ലിയില അരകപ്പ് അരിഞ്ഞെടുത്തു
RKG ഒരു സ്പൂണ്‍ കൂടി ആയാല്‍ അസ്സലായി

എന്നിട്ട്
ഒരു പാനില്‍ എണ്ണഒഴിച്ച് ചൂടാവുമ്പോള്‍ മുട്ട അടിച്ചുവെച്ചത് ഒഴിച്ച് കുറച്ചു നേരം മൂടിവെച്ചു . അതങ്ങ് പൊങ്ങി നല്ല കനമുള്ള ഒമ്ലെറ്റ് പോലെ ആയപ്പോള്‍ മരതവികൊണ്ട് കുത്തി പൊട്ടിച്ചു ഒരരുകിലേക്ക് നീക്കിവെച്ചു .തെളിഞ്ഞു നില്‍ക്കുന്ന എണ്ണയില്‍ വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തു വഴറ്റി .പിന്നെ സവാള വഴറ്റി .മുട്ട നീക്കിവേച്ചതും കൂട്ടി ഒന്നിച്ചൊരു വഴട്ടല്‍ .... ഗ്രീന്‍പീസ്‌, കുരുമുളക് പൊടീ മഞ്ഞള്‍പൊടി അരസ്പൂണ്‍ മുളക് പോടീ ആവശ്യത്തിനു ഉപ്പും .ഒക്കെ എടുത്തു ചേര്‍ത്തു .അവസാനം അരിഞ്ഞ ഖുബ്ബുസ് പ്രയോഗിച്ചു ഒന്ന് നന്നായി മിക്സ് ചെയ്തു .... മല്ലിയില മേലെ വിതറി .അതിനു മുകളില്‍ അല്പം RKG നെയ്യും തൂവി അടച്ചു ഭദ്രമായി ഇറക്കി വെച്ച് പത്തുമിനിട്ടു കഴിഞ്ഞു തുറന്നപ്പോലുണ്ടല്ലോ ......അയ്യയ്യോ എന്ത് രസം .

എടുപിടി ബിരിയാണി






ആവശ്യമായ സാധനങ്ങള്‍:

ചിക്കന്‍/മട്ടന്‍ (ഇടത്തരം കഷണങ്ങളാക്കിയത്) അല്ലെങ്കില്‍ ചെമ്മീന്‍- 1/2 കിലോ
ബസ്മതി റൈസ് - 1/2 കിലോ
കശുവണ്ടിപ്പരിപ്പ് - 10
ഉണങ്ങിയ മുന്തിരി (സുല്‍ത്താന) - 15
ഗരം മസാല - 1 ടേ സ്പൂണ്‍
( അല്ലെങ്കില്‍ ഏലക്കായ-3, കരയാമ്പു- 3, പെരുഞ്ജീരകം-ഒരു നുള്ള്, പട്ട - 1 കഷണം, കറുക ഇല-1- ഇത്രയും ചതച്ചതു)
ഇഞ്ചി (ചെറുതായി നുറുക്കിയത്) -ഒരു വലിയ കഷണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 10 അല്ലി
കുരുമുളക് - 10 എണ്ണം ചതച്ചത്പ
പച്ച മുളക് (അരിഞ്ഞത്) - 5 എണ്ണം
സബോള (വട്ടത്തില്‍ അരിഞ്ഞത്) - 3
മഞ്ഞള്‍പ്പൊടി - 1 ടീ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേ സ്പൂണ്‍
മുളകുപൊടി - 1 ടേ സ്പൂണ്‍
തക്കാളി പഴുത്തത് - 2 എണ്ണം (അരിഞ്ഞത്)
ചെറുനാരങ്ങ നീര് - 1 നാരങ്ങയുടെ
തൈര് - 1 ടേ സ്പൂണ്‍
മല്ലിയില - ഒരു പിടി
ബട്ടര്‍/നെയ്യ് - 2 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്ന്
വെള്ളം - 2 കപ്പ് (ആവശ്യത്തിന്ന്
ബിരിയാണി കളര്‍ - (optional) - അല്പം

പാകം ചെയ്യുന്ന വിധം:

ബസ്മതി അരി വെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക.

ഇറച്ചി (ചെമ്മീന്‍) അല്പം ഉപ്പിട്ട് നന്നായി കഴുകി (ഇങ്ങനെ ചെയ്യാത്തവരുണ്ടെങ്കിള്‍ ചെയ്ത് നോക്കൂ, എന്നിട്ടറിയൂ വ്യത്യാസം) വാര്‍ത്ത് ചെറു നാരങ്ങാനീരും തൈരും അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക.

അടി കട്ടിയുള്ള ഒരു തവയില്‍ നെയ്യൊഴിച്ച് ചൂടായശേഷം മുന്തിരിയും കശുവണ്ടിയും വെവ്വേറെ വറുത്ത് കോരി മാറ്റിവയ്ക്കുക.നെയ്യില്‍ ചതച്ച ഗരം മസാലയിടുക.പിന്നീട് വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, ഉള്ളി എവ ക്രമമായി വഴറ്റുക.ഉള്ളി ഗോല്‍ഡന്‍ യെല്ലോ കളറാകുന്പോള്‍ കുറച്ചു വെള്ളം തളിച്ച് രണ്ടു മിനിറ്റിനു ശേഷം (ചേരുവകള്‍ നല്ല മയത്തിലാകും അപ്പോള്‍) മസാലകള്‍ ഒന്നൊന്നായി ചേര്‍ത്ത് മൂപ്പിക്കുക.(ബിരിയാണി കളര്‍ ഇപ്പോള്‍ ചേര്‍ക്കാം)


തക്കാളികൂടി ചേര്‍ത്ത് മസാലകളെല്ലാം കുഴമ്പ് രൂപത്തിലാകുമ്പോള്‍ ഇറച്ചി (അല്ലെങ്കില്‍ ചെമ്മീന്‍) ഇട്ട് ഇളക്കി 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.മൂടി മാറ്റി ഇളക്കി 5 മിനിറ്റ് കൂടി വഴറ്റുക. (ആട്ടിറച്ചിയാണെങ്കില്‍ കൂടുതല്‍ സമയം)

ഇനി ബസ്മതി അരി ചേര്‍ക്കാം.ഇറച്ചിയും അരിയും മൂടത്തക്ക രീതിയില്‍ (ശ്രദ്ധിക്കുക, കൂടുതലോ കുറവോ ആകരുത്) വെള്ളം ഒഴിച്ച് നല്ലവണ്ണം തവികൊണ്ടിളക്കി മൂടിവച്ചു ചെറുതീയില്‍ പാകം ചെയ്യാം.(രുചിച്ചു നോക്കി ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കണം) ഇടക്കിടക്ക് മൂടി മാറ്റി വെള്ളം വറ്റുന്നുണ്ടോയെന്നു പരിശോധിക്കണം. (ഒന്നിളക്കുകയും ആകാം)

മല്ലിയിലയും വറുത്ത് വച്ച കശുവണ്ടിയും മുന്തിരിയും കൊണ്ട് ഗാര്‍നിഷ് ചെയ്തുപയോഗിക്കുക.

(അവന്‍ ഉള്ളവര്‍, ബിരിയാണി ഒരു ഒവന്‍പ്രൂഫ് ഡിഷിലാക്കി അല്പം ബട്ടര്‍ മീതെയിട്ട് നല്ലവണ്ണം കവര്‍ ചെയ്ത് ‍ 15 -20 മിനിറ്റ് ബേയ്ക് ചെയ്തെടുക്കുക. വെള്ള/നെയ്മയം പോയിക്കിട്ടാനണിത്)